Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഒക്റ്റോബര്‍ (H.S.)
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആര്‍) തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്ഭവനില്‍ എത്തിയാണ് പരിഷ്‌കരണം തുടങ്ങിയത്. ഗവര്‍ണര്‍ക്കാണ് ആദ്യമായി എന്യൂമറേഷന്‍ ഫോം നല്‍കിയത്. എസ്ഐആര്‍ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫിസര്‍ ജെ.ബേനസീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ക്കൊപ്പം എത്തിയാണ് ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനതത് എസ്ഐആര്‍ നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു.
എസ്ഐആറിന്റെ ഭാഗമായി വീടുകയറിയുള്ള വിവരശേഖരണം (എന്യൂമറേഷന്‍) നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ നടക്കും. പ്രാഥമിക വോട്ടര്‍പ്പട്ടിക ഡിസംബര്‍ 9നു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബര്‍ 9 മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അന്തിമ വോട്ടര്‍പ്പട്ടിക ഫെബ്രുവരി 7 നു പ്രസിദ്ധീകരിക്കും. ഈ വര്‍ഷം ഒക്ടോബര്‍ 27ന് നിലവിലുണ്ടായിരുന്ന വോട്ടര്‍പ്പട്ടിക പ്രകാരമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും എന്യൂമറേഷന്‍ ഫോം കൈമാറും. ഫോം നല്‍കാന്‍ 3 ദിവസം വരെ ബൂത്ത് ലവല്‍ ഓഫിസര്‍ (ബിഎല്‍ഒ) വീട്ടിലെത്തും. ഈ സമയത്ത് ഒരു രേഖയും നല്‍കേണ്ടതില്ല. 2002ല്‍ നടന്ന അവസാന എസ്ഐആറില്‍ വോട്ടറുടെ പേരോ ബന്ധുക്കളുടെ പേരോ പൊരുത്തപ്പെടാനുള്ള വിവരങ്ങള്‍ പിന്നീടു നല്‍കണം.
---------------
Hindusthan Samachar / Sreejith S