Enter your Email Address to subscribe to our newsletters

New delhi, 30 ഒക്റ്റോബര്‍ (H.S.)
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത അടുത്തമാസം 24ന് ചുമതലയേല്‍ക്കും. ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. നിയമന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. നവംബര്‍ 23-ന് വിരമിക്കുന്ന ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായിക്ക് പകരമാണ് ജസ്റ്റിസ് സൂര്യ കാന്ത് ചുമതലയേല്‍ക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത് ഏകദേശം 15 മാസത്തോളം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. 65 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 2027 ഫെബ്രുവരി 9-നാണ് അദ്ദേഹം സ്ഥാനമൊഴിയുക. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് സൂര്യകാന്ത്. 1962 ഫെബ്രുവരി 10-ന് ജനിച്ച ജസ്റ്റിസ് സൂര്യ കാന്ത് ഹരിയാനയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.
38-ാം വയസ്സില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസ്സില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ഹൈക്കോടതി ജഡ്ജിയായി 14 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്.
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ചരിത്രപരമായ ബെഞ്ചില്‍ ജസ്റ്റിസ് കാന്ത് അംഗമായിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ഈ നിയമപ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S