Enter your Email Address to subscribe to our newsletters

Kochi, 31 ഒക്റ്റോബര്‍ (H.S.)
കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്, ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം ചോദ്യം ചെയ്ത് കെസിഎ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ 20 കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഴിയൊരുങ്ങി.
നേരത്തെ, കെസിഎയ്‌ക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കെസിഎ സർക്കാരില്‍ നിന്ന് ധനസഹായം സ്വീകരിക്കാത്തതിനാല്‍ അതിന്റെ ഭാരവാഹികളെ പൊതുസേവകർ ആയി കണക്കാക്കാനാവില്ലെന്നും, അതിനാല്‍ അഴിമതി നിരോധന നിയമം ബാധകമല്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍, ഈ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചില്‍ സമർപ്പിച്ച പരാതിയിലാണ് കെസിഎയ്ക്ക് നിർണ്ണായക തിരിച്ചടിയുണ്ടായത്.
കെസിഎ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൊതുസമൂഹത്തില്‍ പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ്. അതിനാല്‍, അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് കെസിഎ വിധേയമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ബിസിസിഐയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായ സാഹചര്യവും കോടതി ഈ നിരീക്ഷണത്തിനായി പരിഗണിച്ചു.
ഇടക്കൊച്ചിയില്‍ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി വാങ്ങിയ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായിരുന്നു. കണ്ടല്‍ക്കാടുകളും തണ്ണീർത്തടങ്ങളും നിറഞ്ഞ ഈ സ്ഥലത്ത് സ്റ്റേഡിയം പണിയുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അനുമതി നിഷേധിക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടുകളാണ് നിലവിലെ അന്വേഷണ പരിധിയില്‍ വരിക.
ഇതിന് പുറമെ, തൊടുപുഴയില്‍ സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയ കേസും വിജിലൻസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, കെസിഎയുടെ രണ്ട് പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ വിജിലൻസിന് മുന്നോട്ട് പോകാൻ സാധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR