Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.)
അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ ഇരിക്കെ വിമർശനങ്ങൾക്ക് മറുപടിയുമായി തദ്ദേശ മന്ത്രി എം.ബി രാജേഷ്. കൃത്യമായ മാർഗരേഖ തയ്യാറാക്കിയ ശേഷമാണ് അതിദരിദ്രരെ കണ്ടെത്തിയത്. ദാരിദ്രവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് അടിസ്ഥാനം ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത്. ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് നടത്തുന്ന പ്രഖ്യാപനമല്ല ഇതെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. വിഷയം ദേശീയ, അന്തർദേശീയ മാധ്യമങ്ങളടക്കം ചർച്ച ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് അഭിമാന നിമിഷമാണെന്നും മന്ത്രി പ്രതികരിച്ചു.കേരളം കൈവരിക്കാൻ പോകുന്ന ഈ നേട്ടത്തിന് നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ നേട്ടം മോദി സർക്കാരിനാണ് എന്ന് പറയുന്നവരുണ്ട്. അവരോട് ഒരു കാര്യം മാത്രമേ പറയാൻ ഉള്ളൂ, രാജ്യത്തെ മുഴുവൻ അതി ദാരിദ്ര്യ മുക്തമാക്കി ചെയ്ത് കാണിക്കട്ടേയെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാതിരുന്നവരാണ് അതി ദാരിദ്ര്യർ. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസ സ്ഥലം ഇത് ഇല്ലാത്തവരാണ് അതി തീവ്ര ദാരിദ്ര്യർ. ഒരു രേഖ പോലും ഇവർക്ക് ഉണ്ടായിരുന്നില്ല. അവർക്ക് അതിജീവിക്കാൻ സർക്കാരിൻ്റെ പിന്തുണ വേണം. രേഖകൾ ഇല്ലാത്ത മനുഷ്യരാണ് അതി ദരിദ്ര പട്ടികയിൽ ഉള്ളത്. അതി ദാരിദ്ര്യവും ദാരിദ്ര്യവും തമ്മിൽ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അതി ദാരിദ്ര്യ നിർമാർജനം നടത്തിയത്. മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ കണ്ടെത്തിയത്. എന്നാൽ കാര്യം അറിയാത്ത ചില വിദഗ്ധർ ചില പ്രതികരണങ്ങൾ നടത്തുന്നു. നാല് ലക്ഷം പേർക്ക് പരിശീലനം നൽകിയാണ് അതി ദരിദ്രരെ കണ്ടെത്തിയത്. ഇത് രഹസ്യമായി നടന്ന പ്രക്രിയ അല്ല. ജനപങ്കാളിത്തത്തോട് കൂടി നടത്തിയ പ്രക്രിയയാണെന്നും മന്ത്രി അറിയിച്ചു.
എം. വി. ഗോവിന്ദൻ മന്ത്രി ആയിരുന്നപ്പോൾ തന്നെ ഇതുസംബന്ധിച്ച വാർത്തകൾ പത്രത്തിൽ വന്നതാണ്. ഇതിൻ്റെ ഭാഗമായി 1,18,328 കുടുംബങ്ങളുടെ വിവര ശേഖരണം നടത്തി. പിന്നീട് ഇത് ഇത് സൂപ്പർ ചെക്കിങ്ങിന് വിധേയമാക്കി.അത്രക്ക് സൂക്ഷ്മായാണ് പ്രക്രിയ നടന്നത്. സദുദ്ദേശം ഉള്ളവരല്ല ഇപ്പോൾ വിമർശനത്തിന് ഇറങ്ങിയത്. ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും സദുദ്ദേശം ഉള്ളവരല്ല ഇപ്പോൾ വിമർശനത്തിന് ഇറങ്ങിയത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
അതി ദാരിദ്ര്യ നിർമാർജന പ്രഖ്യാപനം അഭിമാന മുഹൂർത്തമാണ്. പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. നാളെ കേരളം ഈ മുഹൂർത്തം ആഘോഷിക്കും. എല്ലാവർക്കും അഭിമാനിക്കാവുന്നതാണ് മന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തെ അതി ദാരിദ്ര്യമുക്തമാക്കും എന്നത് 2021ൽ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭായോഗം എടുത്ത ആദ്യ തീരുമാനമാണ്. തുടർന്നാണ് വിശദമായ മാർഗരേഖ പുറത്തിറക്കിയത്. ആ മാർഗരേഖ വായിച്ചിരുന്നെങ്കിൽ ഇന്ന് ഈ ചോദ്യങ്ങൾ ഉയരുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണങ്ങളുടെ മാനദണ്ഡം 2021 ജൂലൈ 17 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുവരെയും ഒരു സർക്കാർ പദ്ധതിയുടെയും ഗുണഭോക്താക്കൾ ആകാത്തവരാണ് അതിദരിദ്രരുടെ പട്ടികയിൽ വന്നത്. എന്താണ് അതി ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ എന്നത് കൈപ്പുസ്തകത്തിലൂടെ വ്യക്തമാക്കി. ആളുകളെ കണ്ടെത്തുന്നന്നതിന് വേണ്ടിയുള്ള പരിശീലനം കിലയാണ് നൽകിയത്. അന്നും ഇതൊക്കെ വാർത്തകളിൽ വന്നതായിരുന്നുവെന്ന് മന്ത്രി ഓർമപ്പെടുത്തി
പങ്കാളിത്തത്തിൽ അതിഷ്ടിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഗ്രാമസഭയാണ് ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു നൽകിയത്. 2022 ലെ സാമ്പത്തിക അവലോകനെ റിപ്പോർട്ടിലും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഇവർക്ക് ആർക്കും ഇതേക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. അന്ന് ഉന്നയിച്ചിരുന്നെങ്കിൽ പ്രശ്നമുണ്ടെങ്കിൽ അന്ന് തന്നെ പരിശോധിക്കുമായിരുന്നുവെന്നും എം. ബി. രാജേഷ് ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR