Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ട് തടഞ്ഞുവച്ചതായി സംശയം. സംസ്ഥാനത്തിന് ലഭിക്കാനുള്ള 329 കോടി രൂപയാണ് തടഞ്ഞത്. അതേസമയം ഫണ്ട് തടഞ്ഞുവച്ചത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായി മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു.
പദ്ധതിയില്‍ നിന്നും പിന്മാറിയ തീരുമാനമാറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കത്തയയ്ക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചാല്‍ തൊട്ടടുത്ത ദിവസം തടഞ്ഞുവച്ച തുക അനുവദിക്കാം എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ തുക നല്‍കിയിട്ടില്ല. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയ സാഹചര്യത്തില്‍ തുക തടഞ്ഞുവച്ചതയാണ് വിവരം. 2024-25 വര്‍ഷം എസ്എസ്‌കെ വഴി 329 കോടി രൂപയാണ് ലഭിക്കാനുള്ളത്. എന്നാല്‍ തുക തടഞ്ഞത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് മരവിപ്പിച്ചതായി അറിയിച്ച് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയ്ക്കും. കത്തിന്റെ കരട് ചീഫ് സെക്രട്ടറി തയ്യാറാക്കി. വിദേശത്തുള്ള മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തിയാലുടന്‍ കത്ത് കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം. പദ്ധതിയില്‍ നിന്നും പിന്മാറിയ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തി. ഫണ്ട് തടഞ്ഞു വച്ച വിവരം തനിക്കറിയില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഇതിനിടെ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി വിദ്യാര്‍ഥി സംഘടനയായ എബിവിപി പ്രധാന മന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തയച്ചു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എംഒയു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതികരണം നിര്‍ണായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR