Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഒക്റ്റോബര്‍ (H.S.)
കേരള പിറവി ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ഐതിഹാസിക സമരം ആശമാര്‍ നിര്‍ത്തുന്നു. സമരം തുടങ്ങി 265-ാം ദിവസമാണ് ഭരണകൂടത്തില്‍ നിന്നും ഇനിയും കരുണ ഉണ്ടാകില്ലെന്ന തിരിച്ചറിവ് ആശമാര്‍ക്കുണ്ടായിരിക്കുന്നത്. എന്നാല്‍ പോരാട്ടത്തില്‍ നിന്നും ഇവര്‍ പിന്‍മാറില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം മാത്രമേ ഇവര്‍ അവസാനിപ്പിക്കുന്നുളളൂ. ഇനി ജില്ലാ അടിസ്ഥാനത്തില്‍ ശക്തമായ സമരമാണ് ആശമാരുടെ പദ്ധതി.
നാളെ സമരപന്തലില്‍ ആശമാര്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും. ഒപ്പം പ്രതിജ്ഞാ റാലിയും സംഘടിപ്പിക്കുന്നുണ്ട്. പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്നും സമരം വിജയമാണെന്നും ആശാ സമരസമിതി പ്രതികരിച്ചു. അഭിമാനത്തോടെയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നത്. പട്ടിണിക്ക് എതിരായ സമരമാണ് നടത്തിയത്. അത് ആവശ്യം അംഗീകരിക്കുന്നതു വരെ തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആശ പ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരുന്നു. 7,000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയാണ് കൂട്ടിയത്. എന്നാല്‍ ഓണറേറിയം 21,000 രൂപയാക്കണമെന്നാണ് ആശമാരുടെ ആവശ്യം. എന്നാല്‍ ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടും സമരസമിതി വിലയിരുത്തുന്നു.
---------------
Hindusthan Samachar / Sreejith S