മട്ടന്നൂർ: ഉദ്ഘാടനത്തിനെത്തിയപ്പോൾ ഓഫിസ് മറ്റൊന്ന്; ബഹിഷ്കരിച്ച് എംഎൽഎ സജീവ് ജോസഫ്
Mattannoor, 31 ഒക്റ്റോബര്‍ (H.S.) ശ്രീകണ്ഠപുരം : മട്ടന്നൂർ റവന്യു ടവറിൽനിന്ന് ശ്രീകണ്ഠപുരത്തേക്കുതന്നെ മാറ്റുമെന്ന് ഉറപ്പുലഭിച്ച റീസർവേ ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎ കണ്ടത് ഡിജിറ്റൽ സർവേയുടെ ക്യാംപ് ഓഫിസ്. ഇതോടെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് സ
മട്ടന്നൂർ: ഉദ്ഘാടനത്തിനെത്തിയപ്പോൾ ഓഫിസ് മറ്റൊന്ന്; ബഹിഷ്കരിച്ച് എംഎൽഎ സജീവ് ജോസഫ്


Mattannoor, 31 ഒക്റ്റോബര്‍ (H.S.)

ശ്രീകണ്ഠപുരം : മട്ടന്നൂർ റവന്യു ടവറിൽനിന്ന് ശ്രീകണ്ഠപുരത്തേക്കുതന്നെ മാറ്റുമെന്ന് ഉറപ്പുലഭിച്ച റീസർവേ ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎ കണ്ടത് ഡിജിറ്റൽ സർവേയുടെ ക്യാംപ് ഓഫിസ്. ഇതോടെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് സജീവ് ജോസഫ് എംഎൽഎ ഇറങ്ങിപ്പോയി. 6 മാസം മുൻപ് എംഎം കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന റീസർവേ സൂപ്രണ്ട് ഓഫിസ് മടന്നൂരിലെ റവന്യു ടവറിലേക്കു മാറ്റിയിരുന്നു.

പിന്നീട് എംഎൽഎ, നഗരസഭാധ്യക്ഷ എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയിൽ വാടകയില്ലാതെ മുറി തന്നാൽ ഓഫിസ് മട്ടന്നൂരിൽ നിന്ന് ഇങ്ങോട്ടേക്കുതന്നെ മാറ്റാം എന്ന ഉറപ്പു ലഭിച്ചു. നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ കെ.നാരായണൻ സ്മാരക ഹാളിന് സമീപത്തു നഗരസഭ സൗജന്യമായി മുറി നൽകുകയും ചെയ്തു. ഇവിടെ സർവേ ഓഫിസിന്റെ ഉദ്ഘാടനം നടത്താനാണ് രാവിലെ എംഎൽഎ എത്തിയത്.

എന്നാൽ ഓഫീസിൽ എത്തിയപ്പോഴാണ് പഞ്ചായത്തുകളിലും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സർവേയുടെ താൽക്കാലിക ക്യാംപ് ഓഫിസ് മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്ന് എം എൽ എ ക്ക് മനസിലാകുന്നത്.

ഇവിടെനിന്നു മാറ്റിയ റീസർവേ ഓഫിസിനാണ് മുറി സൗജന്യമായി ലഭ്യമാക്കിയതെന്നു എംഎൽഎ പറഞ്ഞു. ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ് ഇവിടെ പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്ന് ജീവനക്കാരും പറഞ്ഞു. ഇതോടെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് എംഎൽഎ ഇറങ്ങിപ്പോകുകയായിരുന്നു. എംഎൽഎയോടൊപ്പം നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന, ഉപാധ്യക്ഷൻ കെ.ശിവദാസൻ, കൗൺസിലർ വിജിൽ മോഹൻ, യുഡിഎഫ് നേതാക്കളായ ഇ.വി.രാമകൃഷ്ണൻ, ഒ.വി.ഹുസൈൻ എന്നിവരും ഇറങ്ങിപ്പോയതോടെ ഉദ്ഘാടന പരിപാടി റദ്ദാക്കി.

---------------

Hindusthan Samachar / Roshith K


Latest News