Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഒക്റ്റോബര്‍ (H.S.)
സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല കുശികയും പൂര്‍ണ്ണമായും തീര്‍ക്കാനുള്ള തീരുമാനത്തില്‍ പിണറായി സര്‍ക്കാര്‍. നിലവില്‍ ഒരു മാസത്തെ കുടിശികയാണ് ക്ഷേപെന്‍ഷനില്‍ വിതരണം ചെയ്യാനുള്ളത്. ഇത് നവംബര്‍ മാസത്തില്‍ വിതരണം ചെയ്യും. വര്‍ദ്ധിപ്പിച്ച പെന്‍ഷനും അടുത്ത മാസം മുതല്‍ വിതരണം ചെയ്യും.
ഇതോടെ നവംബര്‍ മാസത്തെ പെന്‍ഷനായി 2000 രൂപയും കുടിശികയായി 1600 രൂപയുമാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1,042 കോടി രൂപയും, കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുക.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ക്ഷേമപെന്‍ഷനില്‍ 400 രൂപയുടെ വര്‍ദ്ധന വരുത്താന്‍ തീരുമാനമുണ്ടായത്. 62 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്. പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തണുപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2500 രൂപയായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈ പ്രഖ്യാപനത്തെ നേരിടുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങളെയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ധനവിനെയും തിരഞ്ഞെടുപ്പ് തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് ഈ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കവെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ എന്ത് നല്‍കിയാലും പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യുമെന്നും, എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാലര വര്‍ഷക്കാലം ഇത് ചെയ്തില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 400 രൂപ വര്‍ധിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഗുണഭോക്താക്കള്‍ക്ക് 900 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S