Enter your Email Address to subscribe to our newsletters

New delhi, 31 ഒക്റ്റോബര്‍ (H.S.)
തെരുവു നായ വിഷയത്തിവ്# രോഷത്തോടെ ഇടപെട്ട് സുപ്രീംകോടതി. നവംബര്‍ 3ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചു. കോടതിയുടെ ഉത്തരവിനോട് അനുസരണക്കേട് കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ആഗസ്റ്റ് 22ലെ ഉത്തരവ് പാലിക്കാത്തതില്‍ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും ഒക്ടോബര്‍ 27ഓടെ പ്രസ്തുത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു.
'അവരോട് വന്ന് അനുസരണ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. കോടതിയുടെ ഉത്തരവിനോട് ബഹുമാനമില്ല. അങ്ങനെയെങ്കില്‍ അവര്‍ നേരിട്ടു വരട്ടെ. ഞങ്ങളവരെ കൈകാര്യം ചെയ്‌തോളാം' എന്ന് പറഞ്ഞ ജസ്റ്റിസ് നാഥ്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനുസരണ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും വ്യക്തമാക്കി.
മൃഗ ജനന നിയന്ത്രണം (എ.ബി.സി) നിയമങ്ങളെക്കുറിച്ച് കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ചോദിച്ചിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം പരാമര്‍ശിക്കുകയും നവംബര്‍ 3ന് ചീഫ് സെക്രട്ടറിമാരെ കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ബെഞ്ചിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 27 ന് കേസ് വാദം കേട്ടപ്പോള്‍ പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവ മാത്രമാണ് അനുസരണ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ബെഞ്ച് പറഞ്ഞു. ഇവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S