Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 നവംബര്‍ (H.S.)
കേരളപ്പിറവിദിനമായ ഇന്ന് കേരളം വലിയ പ്രഖ്യാപനം നടത്തുന്നു. ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാവുകയാണ് കേരളം. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം. ഈ ചടങ്ങില്‍ നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തികവരവും കാലാകാലങ്ങളിലെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യം പിന്നെയും പിന്തുടര്‍ന്നവരെയാണ് ഇപ്പോള്‍ മോചിപ്പിക്കുന്നത്. ഇതോടെ, ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ (ദാരിദ്ര്യ നിര്‍മാര്‍ജനവും വിശപ്പില്‍നിന്നുള്ള മോചനവും) പൂര്‍ണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സര്‍ക്കാര്‍ തുടങ്ങിയത്. സര്‍വേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേര്‍ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിര്‍ത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍നിന്ന് താത്കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം പൊള്ളായാണ് എന്ന് ആരോപണവുമായി പ്രതിപക്ഷംം രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്ത്. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന ചെപ്പടി വിദ്യയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര്‍ കേരളത്തിലുണ്ട്. ഇവരില്‍ ചിലരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുകയാണ്.
കേരളത്തില്‍ പരമ ദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 215 മത്തെ ഐറ്റമായി പറഞ്ഞിരിക്കുന്നത്. ആശ്രയ പദ്ധതിയിലുള്ള 1.5 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി 4.5 ലക്ഷം ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുമെന്നും പ്രകടനപത്രികയിലുണ്ട്. അപ്പോള്‍ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ തന്നെ പരമ ദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം പേരില്‍ നിന്നും അതിദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64000 ആയി മാറിയത്? ഇത് എന്ത് ചെപ്പടിവിദ്യയിലൂടെയാണ്?
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ക്ക് എ.എ.വൈ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അതിദാരിദ്രത്തില്‍ നിന്നും മാറിയോ? അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ വിഹിതം നിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
64000 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നര ലക്ഷം അഗതികളാണ് ആശ്രയ പദ്ധതിയില്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും സര്‍ക്കാരിന്റെ ഇപ്പോഴത്തെ പട്ടികയിലില്ല. ആ പട്ടികയും വെട്ടിച്ചുരുക്കി. ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും എന്തെങ്കിലും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ പട്ടിക തയാറാക്കിയത്? എന്തായിരുന്നു മെത്തഡോളജി?
64000 പേര്‍ക്ക് സഹായം നല്‍കുന്നതില്‍ ഒരു തെറ്റുമില്ല. ഇവരില്‍ എല്ലാവര്‍ക്കും വീട് നല്‍കിയോ? ലൈഫ് അപേക്ഷ നല്‍കിയിട്ടുള്ള 591368 പേരില്‍ പലര്‍ക്കും ഇനിയും വീട് നല്‍കിയിട്ടില്ല. പത്തു വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ ഈ സര്‍ക്കാര്‍ പണിതത് 462307 വീടുകള്‍ മാത്രമാണ്. എന്നിട്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പാവങ്ങളെ ഉപയോഗിച്ച് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന രാഷ്ട്രീയ പ്രചരണം നടത്തുന്നത്. പാവങ്ങള്‍ക്ക് നീതി നല്‍കാതെയും അവരോട് നീതിപൂര്‍വകമായി പെരുമാറാതെയുമാണ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രചരണവുമായി മുന്നോട്ട് പോകുന്നത്.
2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉണ്ടാക്കിയ അതിദരിദ്രരുടെ പട്ടികയില്‍ 6400 പേര്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിദ്യാഭ്യാസത്തിലും പാര്‍പ്പിടത്തിലും ഭക്ഷണത്തിലും ആരോഗ്യത്തിലും സുരക്ഷിതരാണോ? ഒരു മാനദണ്ഡവും ഇല്ലാതെ സര്‍ക്കാര്‍ തന്നെ ഒരു പട്ടിക ഉണ്ടാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
---------------
Hindusthan Samachar / Sreejith S