Enter your Email Address to subscribe to our newsletters

Kozhikkode, 10 നവംബര്‍ (H.S.)
കോഴിക്കോട്: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ സഹായിക്കാനാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ശ്രമിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോള്‍ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പലയിടത്തും എല്‍ഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിര്‍ത്തി കൂടുതല്‍ നഗരസഭകള്‍ എന്‍ഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ആറുമാസമായി ബിജെപി നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്. കേരളത്തിലെ എല്ലാ വാര്‍ഡുകളിലും ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. കൃത്യമായ ഒരു സന്ദേശം മുന്നോട്ട് വെച്ചാണ് എന്‍ഡിഎ മത്സരിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന വികസന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം മുന്നോട്ട് വെച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസന അജണ്ട ജനങ്ങളോട് ചര്‍ച്ച ചെയ്താണ് അവതരിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം ഉയര്‍ത്താന്‍ ശ്രമിക്കും. 10 വര്‍ഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച വലിയതോതിലുള്ള കേന്ദ്ര സഹായങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കും. കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കാത്തതിന് കാരണം എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S