Enter your Email Address to subscribe to our newsletters

Kochi, 10 നവംബര്‍ (H.S.)
കേരളത്തില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കില്‍. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അന്യായമായ നികുതി പിരിവിലും പിഴ ചുമത്തുന്നതിലുമുള്ള പ്രതിഷേധസൂചകമായാണ് പണിമുടക്ക്. നാളെ വൈകീട്ട് 6 മണി മുതല്‍ കര്‍ണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കാനാണ് ബസുടമകളുടെ തീരുമാനം.
ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും അമിതമായി നികുതി ഈടാക്കുകയും ചെയ്യുന്നുവെന്നാണ് വാഹന ഉടമകള്‍ ആരോപിക്കുന്നത്. നിയമപരമായി അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അന്യായമായ നികുതി ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഉടമകള്‍ പറയുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് വാഹന ഉടമകള്‍ വ്യക്തമാക്കുന്നത്.
അന്യായമായി പിഴ ചുമത്തുന്നതിനും നികുതി ഈടാക്കുന്നതിനും എതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ പ്രധാന ആവശ്യം. പണിമുടക്ക് ആരംഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയിലാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്ന് നിരവധി സ്വകാര്യ ബസുകളാണ് അന്യ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. പ്രധാനമായും ബംഗളൂരുവിലേക്കാന്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ കേരളത്തില്‍ നിന്ന് നടക്കുന്നത്.
---------------
Hindusthan Samachar / Sreejith S