Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 നവംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യു.ഡി.എഫ് ഒരു മുന്നണി മാത്രമല്ല, ഒരു പാര്‍ട്ടിയെ പോലെ ടീം യു.ഡി.എഫാണ്തിരഞ്ഞെടുപ്പ് നേരിടുന്നത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും യു.ഡി.എഫ് എല്ലാ മുന്നണികളെയും പിന്തള്ളി മുന്‍പന്തിയിലെത്തി. പ്രചരണത്തിലും യു.ഡി.എഫ് ബഹുദൂരം മുന്നിലേക്ക് പോകും. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് സ്വീകരിക്കും. മറ്റ് നീക്കു പോക്കുകളൊന്നുമില്ല. അക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഞങ്ങളുടെ മുന്നണിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടുകാലം വെല്‍ഫെയര്‍പാര്‍ട്ടിയുടെ പഴയരൂപമായ ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് പോകാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. അന്ന് വര്‍ഗീയവാദം ഉണ്ടായിരുന്നില്ലേ? സി.പി.എമ്മിന്റെ അവസരവാദമാണ് ഇതെല്ലാമെന്നും സതീശന്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ യു.ഡി.എഫ് വിജയിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ ഈ സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് മാറ്റും. പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും മാത്രം പിടിക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല സര്‍ക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ സാമ്പത്തിക സ്ഥിതിയിലേക്ക് ഈ സംസ്ഥാനത്തെ മാറ്റിയരിക്കുകയാണ്. ഖജനാവില്‍ അഞ്ച് പൈസയില്ല. പണം വാങ്ങിച്ചു കൂട്ടിയിരിക്കുകയാണ്. എവിടുന്നൊക്കെയാണ് കടം വാങ്ങുന്നതെന്ന് സര്‍ക്കാരിന് പോലും അറിയില്ല.
കഴിഞ്ഞ പത്തു മാസമായി ഇന്ത്യയില്‍ വിലക്കയറ്റത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഈ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. സപ്ലൈകോയ്ക്ക് 2200 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. പണമില്ലാത്തു കൊണ്ട് സപ്ലൈകോയ്ക്ക് വിപണിയില്‍ ഇടപെടാനാകുന്നില്ല. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള ഭക്തജനങ്ങളെ മാത്രമല്ല കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിഗ്രഹ മോഷണവുമായി ബന്ധമുള്ളവരാണ് ശബരിമല കൊള്ളയടിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൊള്ളയില്‍ സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. സി.പി.എം നിയോഗിച്ച മുന്ന് ദേവസ്വം പ്രസിഡന്റുമാര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചവര്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചു. ഇതൊക്കെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. നെല്ല് സംഭരണം പരിതാപകരമായ അവസ്ഥയിലാണ്. കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ല് പാടശേഖരങ്ങളില്‍ മഴ കൊണ്ട് കിടക്കുകയാണ്. നെല്ല് എടുക്കാന്‍ മില്ലുകാരോ സപ്ലൈകോയോ സര്‍ക്കാരോ ഇല്ലാത്ത അവസ്ഥയാണ്. പാവപ്പെട്ട കര്‍ഷകരുടെ ചുടുകണ്ണീരാണ് പാടത്തു വീഴുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എത്ര ഭംഗിയായാണ് നെല്ല് സംഭരിച്ചത്. തീരപ്രദേശത്ത് പട്ടിണിയും വറുതിയുമാണ്. മണ്ണെണ്ണ സംബ്സിഡിയില്ല. മത്സ്യ ലഭ്യതയില്ല. വേലിയേറ്റവും തീരശോഷണവുമാണ്. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഒരു രൂപ പോലും തീരപ്രദേശത്ത് ചെവാക്കിയില്ല. മലയോരത്തെ പാവങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. കേരളത്തെ ലഹരി മരുന്നിന്റെ ഹബ്ബാക്കി മാറ്റി. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. സിറ്റത്തിന്റെ കുഴപ്പമാണെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഓപ്പറേഷന് പോകുന്നവര്‍ നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് പോകണം. പണം നല്‍കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയാ ഉപകരങ്ങള്‍ വിതരണക്കാര്‍ എടുത്ത് കൊണ്ട് പോകുകയാണ്. മാസീവ് ഹാര്‍ട്ട് അറ്റാക്ക് വന്ന രോഗിയെ നിലത്താണ് കിടത്തിയിരിക്കുന്നത്. പരിതാപകരമായ അവസ്ഥയിലേക്ക് ആരോഗ്യരംഗത്തെ മാറ്റി. വിദ്യാഭ്യാസ മേഖലയെയും തകര്‍ത്തു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ടീം യു.ഡി.എഫായി ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫിന് ജനങ്ങള്‍ ഉജ്ജ്വല വിജയം സമ്മാനിക്കും. മുന്നൊരുക്കം ഉള്‍പ്പെടെ എല്ലാത്തിലും മറ്റു മുന്നണികളേക്കാള്‍ യു.ഡി.എഫ് മുന്നിലാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്.
എല്ലാ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മേല്‍ക്കൈ യു.ഡി.എഫിനായിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു നേട്ടം. വിവിധ മുന്നണികളിലുള്ള വിവിധ പാര്‍ട്ടികള്‍ സമീപിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ യു.ഡി.എഫ് പൊതുവായ തീരുമാനം എടുത്ത് ഉടന്‍ തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.
.
---------------
Hindusthan Samachar / Sreejith S