Enter your Email Address to subscribe to our newsletters

New delhi, 10 നവംബര്‍ (H.S.)
പിഎം ശ്രീയില്‍ നിന്നും പിന്മാറുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിീന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രേഖാമൂലം അല്ലം അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും തനിക്ക് ഇല്ലെന്നും പറഞ്ഞു. പിഎം ശ്രീയിലെ സര്‍ക്കാര്‍ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നല്‍കിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കത്ത് നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി പറഞ്ഞു. വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ത്ഥികള്‍ ട്രെയിനിനുള്ളില്‍ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. കൂടാതെ, സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം കിട്ടണമെങ്കില്‍ സംസ്ഥാനത്തിന്റെ അംഗീകാരം വേണമെന്നും എന്‍ഒസി ഏത് സമയം വേണമെങ്കിലും റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകള്‍ മാത്രമെ പാടാന്‍ പാടുള്ളു എന്ന് പറഞ്ഞ മന്ത്രി ഇത്തരം ചടങ്ങുകള്‍ക്ക് ഏകീകരിച്ച ഒരു ഗാനം വേണമെന്നും ആവശ്യപ്പെട്ടതായും ശിവന്‍കുട്ടി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S