Enter your Email Address to subscribe to our newsletters

New delhi, 10 നവംബര്‍ (H.S.)
തെലങ്കാന ഹൈക്കോടതി ജഡ്ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഒരു കക്ഷിക്ക് അനുകൂലമല്ലാത്ത വിധി പുറപ്പെടുവിച്ചാല്‍ ഉടന്‍ ജഡ്ജിമാര്‍ക്കെതിരെ അനാവശ്യവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത വര്‍ധിക്കുന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നവംബര്‍ 23ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഗവായി, എന്‍ പെഡ്ഡി രാജുവിന്റെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഈ രൂക്ഷമായ പരാമര്‍ശം നടത്തിയത്.
തെലങ്കാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് എന്‍ പെഡ്ഡി രാജുവിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തെലങ്കാന ഹൈക്കോടതി ജഡ്ജി, രാജുവിന്റെ ക്ഷമാപണം സ്വീകരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് അവസാനിപ്പിച്ചെങ്കിലും, ചീഫ് ജസ്റ്റിസ് താന്‍ അതൃപ്തനാണെന്ന് വ്യക്തമാക്കി. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''അഭിഭാഷകര്‍ കോടതിയിലെ ഉദ്യോഗസ്ഥരാണ്. ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികളില്‍ ഒപ്പിടുന്നതിന് മുമ്പ് അവര്‍ അതീവ ശ്രദ്ധാലുവായിരിക്കണം,'' എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. നിയമത്തിന്റെ മാന്യത ശിക്ഷ നല്‍കുന്നതിലല്ല, മറിച്ച് ക്ഷമാപണം ചെയ്യുമ്പോള്‍ അത് സ്വീകരിക്കുന്നതിലാണ്. ഹൈക്കോടതി ജഡ്ജി ക്ഷമാപണം സ്വീകരിച്ചതിനാല്‍ തുടര്‍നടപടികളിലേക്ക് പോകുന്നില്ല എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
എസ്സി എസ്ടി നിയമപ്രകാരമുള്ള കേസില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഈ കേസില്‍ പക്ഷപാതവും കൃത്യവിലോപവും ആരോപിച്ചാണ് പെഡ്ഡി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ജഡ്ജിക്കെതിരെ മോശമായ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് കോടതിയലക്ഷ്യ കേസിന് കാരണമായത്.
---------------
Hindusthan Samachar / Sreejith S