Enter your Email Address to subscribe to our newsletters

Kerala, 10 നവംബര്‍ (H.S.)
ലോകപ്രശസ്തമായ തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദം ഉണ്ടാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മായം കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് സി.ബി.ഐ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ഈ കേസില്‍ തിരുമല തിരുപ്പതി ദേവസ്ഥാനം മുന്‍ ചെയര്‍മാനും രാജ്യസഭാ എം.പിയുമായ വൈ.വി. സുബ്ബ റെഡ്ഡിയുടെ അടുത്ത സഹായിയായിരുന്ന ചിന്ന അപ്പണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 50 ലക്ഷം രൂപയുടെ കമ്മീഷന്‍ തുക ഹവാല വഴി അപ്പണ്ണയ്ക്ക് ലഭിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. 2022-ല്‍ ടി.ടി.ഡി.യുടെ പ്രൊക്യൂര്‍മെന്റ് വിഭാഗം ജനറല്‍ മാനേജരെ സമീപിച്ച അപ്പണ്ണ, നെയ്യ് വിതരണം ചെയ്യുന്ന കമ്പനികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന്, ഭോലെ ബാബ ഡയറി എന്ന കമ്പനിയെ സമീപിച്ച അപ്പണ്ണ, ടി.ടി.ഡിക്ക് നല്‍കുന്ന ഓരോ കിലോ നെയ്യിനും 25 രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇതിനു വഴങ്ങാന്‍ ഭോലെ ബാബ ഡയറി വിസമ്മതിച്ചതോടെ, ടി.ടി.ഡി നിയമങ്ങള്‍ ലംഘിച്ച് അവരുടെ പ്ലാന്റില്‍ വീണ്ടും പരിശോധന നടത്താന്‍ ജനറല്‍ മാനേജര്‍ക്ക് മേല്‍ അപ്പണ്ണ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ അടുത്ത ടെന്‍ഡറില്‍ നിന്ന് ഭോലെ ബാബ ഡയറി പുറത്തായി. തുടര്‍ന്ന് പ്രീമിയര്‍ അഗ്രി ഫുഡ്‌സ് എന്ന കമ്പനിയുമായി അപ്പണ്ണ ഇടപാട് ഉറപ്പിച്ചു. ഭോലെ ബാബ ഡയറി നല്‍കിയിരുന്ന വിലയേക്കാള്‍ 138 രൂപ കൂടുതല്‍ ക്വോട്ട് ചെയ്ത പ്രീമിയര്‍ അഗ്രി ഫുഡ്‌സിന് കരാര്‍ ലഭിച്ചു. ഈ ഇടപാടിലൂടെയാണ് 50 ലക്ഷം രൂപ അപ്പണ്ണയ്ക്ക് ലഭിച്ചത്.
ടി.ടി.ഡി. ലഡ്ഡുവില്‍ മായം കലര്‍ത്തിയെന്ന വിവാദം 2024 സെപ്റ്റംബറിലാണ് പൊട്ടിപ്പുറപ്പെട്ടത്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മത്സ്യം, കന്നുകാലികളുടെ കൊഴുപ്പ്, പന്നിക്കൊഴുപ്പ് എന്നിവയുടെ അംശങ്ങള്‍ കണ്ടെത്തിയതായി ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ലബോറട്ടറി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായത്. തമിഴ്‌നാട്ടിലെ ഒരു ഡയറിയില്‍ നിന്ന് വിതരണം ചെയ്ത നെയ്യിലാണ് ഈ മായം കലര്‍ത്തല്‍ നടന്നതായി കണ്ടെത്തിയത്.
കേസില്‍ ഇതുവരെ 15 പ്രതികളെയാണ് ആദ്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ അപ്പണ്ണ ഉള്‍പ്പെടെ ഒന്‍പത് പേരെക്കൂടി പിന്നീട് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി അപ്പണ്ണയെ നവംബര്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S