Enter your Email Address to subscribe to our newsletters

UP, 10 നവംബര്‍ (H.S.)
ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ 'വന്ദേ മാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായുള്ള പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
'വന്ദേ മാതരം' നിര്‍ബന്ധമാക്കുന്നത് പൗരന്മാരില്‍ ഭാരതമാതാവിനോടും മാതൃഭൂമിയോടുമുള്ള ബഹുമാനവും അഭിമാനബോധവും വളര്‍ത്താന്‍ സഹായിക്കും. രാജ്യത്തേക്കാള്‍ വലുതല്ല ഒരു മതമോ ജാതിയോ. ദേശീയ ഐക്യത്തിന് തടസ്സമാകുന്ന വിശ്വാസങ്ങളെ മാറ്റിനിര്‍ത്തണം. ഇതിനെ എതിര്‍ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ദേശീയ ഗാനത്തെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും' യോഗി ആദിത്യനാഥ് പറഞ്ഞു. 'വന്ദേ മാതര'വുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
1937ല്‍ കോണ്‍ഗ്രസ് 'വന്ദേ മാതര'ത്തിലെ പ്രധാനപ്പെട്ട വരികള്‍ ഒഴിവാക്കിയത് ഇന്ത്യയുടെ വിഭജനത്തിന് കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കവെയായിരുന്നു മോദിയുടെ ഈ പ്രസ്താവന. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്ന ഈ ഗാനത്തിലെ വരികള്‍ വെട്ടിച്ചുരുക്കിയത് രാജ്യത്തിന് വെല്ലുവിളിയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S