Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുടെ വിവരം പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മത്സരാർഥികൾക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ മത്സരിക്കുന്നവർക്ക് 75,000രൂപയും, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിൽ മത്സരിക്കുന്നവർക്ക് 1,50,000രൂപയും ചെലവഴിക്കാൻ സാധിക്കും.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഡിസംബർ 9, 11 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. രുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ്. 3,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.
ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും, നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക. ഡിസംബർ 13 ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ ഒഴികെ ആകെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനത്ത് 1,33,52,996 പുരുഷന്മാരും, 1,49,59,273 സ്ത്രീകളും, 281 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 2,84,30,761 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. 2841 പ്രവാസി വോട്ടർമാരാണ് ഉള്ളത്. അന്തിമ വോട്ടർ പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും. നവംബർ 14 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാകുക. വോട്ടെടുപ്പ് ദിവസം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള സമയം അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR