തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളം സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
Kochi, 13 നവംബര്‍ (H.S.) സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധന നടപടികള്‍ക്കെതിരെയുള്ള ഹർജികളില്‍, സുപ്രീം കോടതിയെ സമീപിക്കുന്നതാവും കൂടുതല്‍ ഉചിതമെന്ന നിർദേശം കേരള ഹൈക്കോടതി മുന്നോട്ട് വെച്ചു. സമാനമായ എസ്‌ഐആർ വിഷയങ്ങള്‍ സുപ്രീം കോടതിയുടെ
High Court of Kerala


Kochi, 13 നവംബര്‍ (H.S.)

സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധന നടപടികള്‍ക്കെതിരെയുള്ള ഹർജികളില്‍, സുപ്രീം കോടതിയെ സമീപിക്കുന്നതാവും കൂടുതല്‍ ഉചിതമെന്ന നിർദേശം കേരള ഹൈക്കോടതി മുന്നോട്ട് വെച്ചു.

സമാനമായ എസ്‌ഐആർ വിഷയങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിർദേശം. സംസ്ഥാന സർക്കാരിന്റെ ഹർജിയില്‍ നാളെ ഹൈക്കോടതി വിധി പറയും.

ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങള്‍ കേട്ടശേഷം ഈ നിർദേശം നല്‍കിയത്. എസ്‌ഐആർ നടപടിയോട് തത്വത്തില്‍ എതിർപ്പില്ലെന്നും, എന്നാല്‍ സമയക്കുറവ് കാരണം ഇത് നീട്ടിവെക്കണമെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടത്.

നിലവിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും, ഈ നടപടി ഉദ്യോഗസ്ഥ ക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, എസ്‌ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ ബെഞ്ചിനെ അറിയിച്ചിരുന്നു.

എന്നാല്‍, ഈ ഘട്ടത്തില്‍ പരിശോധനാ നടപടികള്‍ നിർത്തിവെക്കുന്നത് പ്രയാസകരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ യോജിച്ചാണ് ഈ പരിഷ്‌കരണ പ്രക്രിയ പൂർത്തിയാക്കുന്നതെന്നും അതിനാല്‍ ഭരണപരമായ സ്തംഭനമില്ലെന്നും കേന്ദ്രം വാദിച്ചു. മുൻപ് ബീഹാർ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പരാതികള്‍ ഉയർന്നെങ്കിലും, അവിടെ എസ്‌ഐആർ ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News