Enter your Email Address to subscribe to our newsletters

Malappuram, 13 നവംബര്‍ (H.S.)
മോതിരം കൈവിരലില്‍ കുടുങ്ങിയ ആക്രിക്കച്ചവടക്കാരന് രക്ഷകരായെത്തിയത് ജില്ലാ ട്രോമാ കെയര്‍ പാണ്ടിക്കാട് സ്റ്റേഷന്‍ യൂണിറ്റിലെ വളന്റിയർമാർ.
തമിഴ്നാട് സ്വദേശിയായ കുപുസ്വാമിയുടെ (50) വിരലില്‍ കുടുങ്ങിയ മോതിരമാണ് ട്രോമാ കെയര്‍ പ്രവർത്തകർ ഊരിയെടുത്തത്. 30 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന കുപുസ്വാമി പലയിടങ്ങളിലായി ആക്രിക്കച്ചവടം നടത്തുകയാണ്. മോതിരം വിരലില്‍ കുടുങ്ങിയതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരും വീട്ടുകാരും ഉള്‍പ്പെടെ പലരും മോതിരം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൈയ്ക്ക് നീര് വന്നതിനാല്‍ മോതിരം ഊരിയെടുക്കുക പ്രയാസമായിരുന്നു.
ഇതിനിടെ ഇന്നലെ രാത്രിയോടെ മോതിരം കുടുങ്ങിയ വിരലിനും കൈയ്ക്കും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാണ്ടിക്കാട് ട്രോമാ കെയര്‍ കുപുസ്വാമിയൂണിറ്റിന്റെ സഹായം തേടി. തുടർന്ന് രാത്രി 9.30 തോടെ എത്തിയ പ്രവര്‍ത്തകര്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മോതിരം സുരക്ഷിതമായി വിരലില്‍ നിന്നും ഊരിയെടുത്തു. ഇതാദ്യമായല്ല ഇത്തരം കേസുകള്‍ പാണ്ടിക്കാട്ട് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നത്. പാണ്ടിക്കാട്ടും പരിസര പ്രദേശങ്ങളിലുമായി സമാനരീതിയിലുള്ള 118 -ാമത് കേസുകള്‍ക്കാണ് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ രക്ഷകരായത്. ടീം ലീഡര്‍ മുജീബിന്റെ നേതൃത്വത്തില്‍ നിസാര്‍ പുളമണ്ണ, ബഷീര്‍ മൂര്‍ഖന്‍, സക്കീര്‍കാരായ, ട്രോമാ കെയര്‍ മുഖ്യരക്ഷാധികാരി സി.കെ.ആര്‍ ഇണിപ്പ തുടങ്ങിയ പ്രവർത്തകരായിരുന്നു രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR