Enter your Email Address to subscribe to our newsletters

Delhi, 13 നവംബര്‍ (H.S.)
പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ സമയത്താണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ച യോഗത്തില്‍ നടന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇതിനോടായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്.പത്രപ്രവർത്തകനായിട്ട് എത്ര നാളായി എന്നായിരുന്നു മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ മറുചോദ്യം.
പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് നല്‍കിയത്. ഇതിന് ശേഷം നടക്കുന്ന ആദ്യ പിബി യോഗമാണ്.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പിഎം ശ്രീമരവിപ്പിക്കുന്നതിന് കത്തയക്കുന്നകാര്യത്തിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എല്‍ഡിഎഫ് തീരുമാനം അക്ഷരം പ്രതി നടപ്പാക്കപ്പെടുമെന്നും കത്ത് നല്‍കാൻ പ്രത്യേകം മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR