Enter your Email Address to subscribe to our newsletters

Ernakulam, 13 നവംബര്‍ (H.S.)
തൃക്കാക്കര നഗരസഭയിൽ ആശങ്കയായി സിപിഐഎം-സിപിഐ സീറ്റ് വിഭജനം. സീറ്റ് വിഭജനത്തിൽ തീരുമാനമാകുന്നതുവരെ പ്രചാരണ പരിപാടികളിൽ സിപിഐഎമ്മിനൊപ്പം സഹകരിക്കേണ്ടന്നാണ് സിപിഐയുടെ തീരുമാനം. ഇന്നലെ തൃക്കാക്കരയിൽ നടന്ന എൽഡിഎഫ് പ്രചരണ ജാഥയിൽ നിന്ന് സിപിഐ വിട്ടുനിന്നിരുന്നു.
തൃക്കാക്കരയിലെ ഹെൽത്ത് സെൻ്റർ, സഹകരണറോഡ് എന്നീ വാർഡുകളെ ചൊല്ലിയാണ് എൽഡിഎഫിൽ തർക്കം തുടരുന്നത്. ഈ രണ്ട് വാർഡുകളും കൈവിടാൻ സിപിഐഎം തയ്യാറാകുന്നില്ല എന്നതും വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു. കഴിഞ്ഞ ദിവസവും സിപിഐഎം ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറിയും തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. സിപിഐയെ കൂടെ ചേർത്ത് മുന്നോട്ടു പോകാൻ ആണ് സിപിഐഎം ശ്രമിക്കുന്നതെന്നും തൃക്കാക്കര ഏരിയ സെക്രട്ടറി എ. ജി. ഉദയകുമാർ പറഞ്ഞു
വാർഡ് വിഭജനത്തെ തുടർന്ന് അത്താണി വാർഡിലെ ഭൂരിഭാഗം പാർട്ടി വോട്ടുകളും ഹെൽത്ത് സെൻ്റർ വാർഡിലാണ് പോയിരിക്കുന്നത് എന്നും ഈ വാർഡ് കൈവിടാൻ ആകില്ല എന്നുമാണ് സിപിഐയുടെ നിലപാട്. മുൻപ് ഉണ്ടായിരുന്ന മാമ്പിള്ളി പറമ്പ് വാർഡിൽ ഉൾപ്പെട്ടിരുന്ന വോട്ടുകൾ മിക്കതും പുതുതായി രൂപംകൊണ്ട സഹകരണ വാർഡിലേക്കാണ് എത്തിയത്. ഈ വാർഡും വേണമെന്നാണ് സിപിഐയുടെ ആവശ്യം. സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനാൽ തൃക്കാക്കരയിലെ സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR