Enter your Email Address to subscribe to our newsletters

Kozhikode, 13 നവംബര്‍ (H.S.)
കേരളത്തിലും വൈറ്റ് കോളർ ഭീകരത നിലനിൽക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവുമായി സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ആരിഫ് ഹുസൈൻ തെരുവത്ത്. ഇത്തരക്കാരെ പേടിക്കണമെന്നും, ഇവർ തീവ്രവാദത്തിലേക്ക് ആളുകളെ തള്ളിയിടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ഫെയ്സ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
യൂട്യൂബറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകനുമായ അബ്ദുള്ള ബാസിൽ സി.പി എന്ന ഡോക്ടർക്കെതിരെയും അദ്ദേഹത്തിൻ്റെ കൂട്ടുകാർക്കെതിരെയുമാണ് ആരിഫ് ഹുസൈൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാസിലിന്റെ ചിത്രവും ഫെയ്സ്ബുക് പ്രൊഫൈലും ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ആരിഫ് ഹുസൈൻ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച ആരിഫ് ഹുസൈനും വിശ്വാസിയും ഇസ്ലാമിക ചിത്തകനുമായ ബാസിലും തമ്മിൽ സോഷ്യൽ മീഡിയയിൽ ആശയപരമായ തർക്കങ്ങളും വെല്ലുവിളികളും മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ രാജ്യത്ത് വലിയൊരു ചാവേർ ആക്രമണം നടന്നതിനു പിന്നാലെ ആരിഫ് ഹുസൈൻ നടത്തിയ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
ബാസിൽ ഒരു ഡോക്ടർ ആണെന്നും, കൂടെ ഉള്ളവർ എഞ്ചിനീയർമാരും ഡോക്ടർമാരും അടക്കമുള്ള പ്രൊഫഷണൽ ബിരുദധാരികളാണെന്നും ആരിഫ് ഹുസൈൻ പോസ്റ്റിൽ പറയുന്നു. ഇവരെ സൂക്ഷിച്ചില്ലെങ്കിൽ കേരളം കുട്ടിച്ചോറാകും. കാരണം ഇങ്ങനെ ആണ് റേഡിക്കലൈസേഷൻ പ്രവർത്തിക്കുക എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കേരള പോലീസിനെയും മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.
---------------
Hindusthan Samachar / Sreejith S