Enter your Email Address to subscribe to our newsletters

Ernakulam, 15 നവംബര്‍ (H.S.)
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ. ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ജില്ലയിൽ 22 ലക്ഷം പിന്നിട്ടതായി ജില്ലാ കളക്ടർ ജി.പ്രിയങ്ക വർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോം വിതരണം ആരംഭിച്ച് പന്ത്രണ്ടാം ദിവസം ഉച്ചയ്ക്ക് 12 വരെ ( നവംബർ 15) ജില്ലയിൽ ആകെ 22,00,565 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്.
ഏറ്റവും കൂടുതൽ ഫോമുകൾ വിതരണം ചെയ്തത് കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ് , 177870 ഫോമുകൾ (93.67 ശതമാനം). അങ്കമാലി, ആലുവ, വൈപ്പിൻ, മണ്ഡലങ്ങളിലും വിതരണം 90 ശതമാനം പിന്നിട്ടിട്ടുണ്ട്.
ആകെ 2325 ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫിസർ)മാരെയാണ് ഫോം വിതരണത്തിന് നിയോഗിച്ചിരിക്കുന്നത്. ബി.എൽ.ഒമാരും ബി.എൽ.ഒ സൂപ്പർവൈസർമാരും, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ചവക്കുന്നതെന്നും അവരെ അഭിനന്ദിക്കുന്നു എന്നും ജില്ലാ കളക്ടർ പറഞ്ഞു.
നഗര മേഖലകളിൽ ഫോം വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പുവരുത്തുന്നതിന് പ്രത്യേക യോഗം ചേരും.
ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും എന്യൂമറേഷൻ ഫോം ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കിൽ, അവർക്ക് ബി.എൽ.ഒ മാരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്.
ഓൺലൈൻ വഴി ഫോം സമർപ്പിക്കാനും അവസരമുണ്ടെന്നും ഇക്കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടതെന്നും ജില്ലാ കളക്ടർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡെപ്യൂട്ടി കളക്ടർമാരായ സുനിൽ മാത്യു, കെ. മനോജ്, വി.ഇ അബ്ബാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR