Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 നവംബര്‍ (H.S.)
സംസ്ഥാനത്തെ എസ്ഐആറുമായി സഹകരിക്കുമെങ്കിലും നിയമപോരാട്ടം തുടരുമെന്നും സുപ്രീംകോടതിയെ സിപിഐഎം പ്രത്യേകം സമീപിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു. സർക്കാരിൻ്റെ ഹർജിയിൽ കക്ഷി ചേരില്ല. മാറിനിന്നാൽ വലിയ രീതിയിലുള്ള വോട്ട് വെട്ടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ ലിസ്റ്റ് പുതുക്കുന്ന പ്രക്രിയയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു. നിയമപോരാട്ടം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒറ്റക്കെട്ടായി പ്രചരണത്തിന് ഇറങ്ങി കഴിഞ്ഞു.
ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും മുന്നണിയിലാക്കി യുഡിഎഫ് മത്സര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സംഘപരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയുമായി ബിജെപിയും രംഗത്തുണ്ട്. ഇത്തരം ശക്തികൾക്കെതിരായ ഫലപ്രദമായ വിധിയെഴുത്ത് ഉണ്ടാകും എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
ബിഹാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. പരാജയത്തെ മതനിരപേക്ഷ ശക്തികൾ ശരിയായി വിലയിരുത്തി പോകണം. എസ്‌ഐആറിൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടു. ഇവിഎം മെഷീൻ പോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല. രാഷ്ട്രീയ അജണ്ട തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കിയെന്ന പ്രഖ്യാപനമാണ് മോദി നടത്തിയത് എന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ബിഹാറിലേത് വർഗീയ പ്രചരണവും പണക്കൊഴുപ്പും കൊണ്ടുണ്ടാക്കിയ നേട്ടമാണ്.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നശേഷമാണ് 10000 രൂപ പ്രഖ്യാപിച്ചത്.നിരവധി സീറ്റുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി. കോൺഗ്രസ് ഫലപ്രദമായി കൈകാര്യം ചെയ്യാത്തതിനാലാണ് ബിജെപിക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടത്. വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്നും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിലുള്ള തർക്കം തുടരേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നും നേതാക്കൾ പിന്മാറുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR