Enter your Email Address to subscribe to our newsletters

Kerala, 15 നവംബര്‍ (H.S.)
മണ്ഡലം- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്ബോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂർത്തിയായി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡില്‍ തീർഥാടകർക്ക് വിശ്രമിക്കാൻ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ ക്യൂ കോംപ്ലക്‌സിന്റെ ഇരുവശവും 400 മീറ്ററോളം അരമതില്‍ നിർമിച്ച് ഇരിപ്പിടമൊരുക്കി. ഇവിടെ കുടിക്കാൻ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്.
വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോർഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും. ശുചിമുറികളും മറ്റും വൃത്തിയാക്കാൻ 420 താല്‍ക്കാലിക തൊഴിലാളികളുണ്ട്. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതില്‍ 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നല്‍കിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ 164 ശൗചാലയം സജ്ജമാക്കി.
പമ്പയിൽ 300 ശുചിമുറി ഒരുക്കി. ഇതില്‍ 70 എണ്ണം സ്‌ത്രീകള്‍ക്കാണ്. പമ്പയിൽ നിന്നും സന്നിധാനം വരെ പരമ്ബരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയ്‌ലറ്റ് യൂണിറ്റും തുറന്നു. വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകള്‍, അടിയന്തര സേവന ഫോണ്‍ നമ്ബരുകള്‍ എന്നിവ ഉള്‍പ്പെടുത്തി യൂട്ടിലിറ്റി ബോർഡുകളും സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ 15 എമർജൻസി മെഡിക്കല്‍ സെന്ററുകളും തുറന്നു.
പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR