Enter your Email Address to subscribe to our newsletters

New delhi, 15 നവംബര്‍ (H.S.)
ബിഹാറില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങി ബിജെപി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍.കെ. സിങ്ങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'നിങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അച്ചടക്കലംഘനമാണ്. പാര്‍ട്ടി ഇതിനെ ഗൗരവമായാണ് കാണുന്നത്. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്തു. അതിനാല്‍, നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും എന്തുകൊണ്ട് നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത് എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ആയതിനാല്‍, ഈ കത്ത് ലഭിച്ച് ഒരാഴ്ചയ്ക്കകം നിങ്ങളുടെ നിലപാട് വ്യക്തമാക്കുക', ബിജെപി ആര്‍.കെ.സിങ്ങിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. ആര്‍.കെ.സിങ്ങിനെ കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം അശോക് അഗര്‍വാളിനേയും കതിഹാര്‍ മേയര്‍ ഉഷ അഗര്‍വാളിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ ആര്‍.കെ.സിങ് നടത്തിയിരുന്നു. ഒരു പ്രധാന സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് മുന്‍ കേന്ദ്രമന്ത്രി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബിഹാറിലെ സൗരോര്‍ജ്ജ പദ്ധതി അദാനിക്ക് കൈമാറിയത് 62,000 കോടി രൂപയുടെ അഴിമതിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
---------------
Hindusthan Samachar / Sreejith S