Enter your Email Address to subscribe to our newsletters

Palakkad , 15 നവംബര്‍ (H.S.)
പാലക്കാട് ∙ ജോലിക്കായി പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ച യുവാവ് ആർപിഎഫിന്റെ പിടിയിൽ. ബിഹാർ ബെഗംറ സ്വദേശി മനീഷ് കുമാർ സിങ്ങിനെ (38) ആർപിഎഫ് അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനേഴും വയസ്സുള്ള നാലു കുട്ടികളെയാണ് മലപ്പുറം മേലാറ്റൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുന്നതിനായി യുവാവ് കേരളത്തിലെത്തിച്ചത്.
ചോദ്യംചെയ്യലിൽ കുട്ടികളെ ജോലിക്കായി കൊണ്ടുവന്നതാണെന്നു യുവാവ് മൊഴിനൽകി. പ്ലൈവുഡ് കമ്പനിയിലെ സൂപ്പർവൈസറാണ് പിടിയിലായ മനീഷ് കുമാർ. കുട്ടിക്കടത്ത്, ബാലവേല നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി. ഇവരുടെ രക്ഷിതാക്കളെ ശിശുക്ഷേമ സമിതി വിവരമറിയിച്ചിട്ടുണ്ട്.
എറണാകുളം– പട്ന ബറൗണി എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് കുട്ടികളുമായി മനീഷ് കുമാർ സിങ് പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത് . സംശയാസ്പദമായ നിലയിൽ പ്ലാറ്റ്ഫോമിൽ ഇരിക്കുന്ന കുട്ടികളെ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
---------------
Hindusthan Samachar / Roshith K