Enter your Email Address to subscribe to our newsletters

Trivandrum, 15 നവംബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിലെ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്. തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. പ്രതി അന്ന് പോയ അതിരമ്പുഴയിലും ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പ്രതിയുടെ തിരിച്ചറിയിൽ പരേഡ് ജയിലിൽ വച്ച് നടത്തിയിരുന്നു. ഇന്നലെയാണ് സുരേഷിനെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ കിട്ടിയത്.
പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്. പക്ഷേ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരനെ കണ്ടില്ല. എന്നാൽ ഇയാളെ അന്വേഷിച്ചെങ്കിലും ഇതുവരേയും കണ്ടെത്താനായില്ല.
---------------
Hindusthan Samachar / Roshith K