കൽപാത്തി രഥോത്സവം: 15, 16 തീയതികളിൽ പാലക്കാട് ഗതാഗത നിയന്ത്രണം
Palakkad , 15 നവംബര്‍ (H.S.) പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 15, 16 തീയതികളിൽ വൈകിട്ട് മൂന്നു മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹന
കൽപാത്തി രഥോത്സവം: 15, 16 തീയതികളിൽ പാലക്കാട് ഗതാഗത നിയന്ത്രണം


Palakkad , 15 നവംബര്‍ (H.S.)

പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 15, 16 തീയതികളിൽ വൈകിട്ട് മൂന്നു മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളജ് വഴി പറളി ഭാഗത്തേക്കു തിരിച്ചുവിടും. അതേസമയം മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്നു പാലക്കാട്ടേക്കു വരുന്ന വാഹനങ്ങൾ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം എന്നാണ് പോലീസിന്റെ നിർദ്ദേശം.

ഇന്നും നാളെയും വൈകിട്ട് അഞ്ചു മുതൽ രാത്രി 11 വരെ പാസ് ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും കൽപാത്തി ഗ്രാമത്തിലേക്കു കടത്തിവിടില്ല. വൈകിട്ട് 5 മുതൽ 8 വരെ ശേഖരീപുരം-കുണ്ടമ്പലം വഴി വാഹന ഗതാഗതം അനുവദിക്കില്ല. പകരം ചാത്തപുരം വഴി കൽപാത്തി ഗ്രാമത്തിലേക്കും തിരിച്ച് ശേഖരീപുരം വഴി പുറത്തേക്കും പോകണം.

പാർക്കിങ്ങിന്റെ കാര്യമെടുത്താൽ രഥോത്സവ ദിവസങ്ങളിൽ ശേഖരീപുരം ജംക്‌ഷൻ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. ഭക്തരുടെ വാഹനങ്ങൾ റോസി സ്കൂൾ ഗ്രൗണ്ട്, ഹെറിറ്റേജ് മൗണ്ടൻ റസിഡൻസി എന്നിവിടങ്ങളിലോ, പച്ചക്കറി മാർക്കറ്റിലോ പാർക്ക് ചെയ്യണം.

സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഓരോ ദിവസവും 500 പൊലീസ് ഉദ്യോഗസ്ഥരെ ഉത്സവ മേഖലയിൽ വിന്യസിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പൊലീസിന്റെ സേവനം ഉണ്ടാകും. പ്രധാന ഭാഗങ്ങളിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചു നിരീക്ഷണം നടത്തും.

---------------

Hindusthan Samachar / Roshith K


Latest News