Enter your Email Address to subscribe to our newsletters

Kottayam , 15 നവംബര്‍ (H.S.)
കോട്ടയത്ത് വെൽഫെയർ പാർട്ടിക്ക് നൽകിയ സീറ്റിൽ കോൺഗ്രസ് വിമതൻ. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിലാണ് റിബൽ സ്ഥാനാർഥി നിൽക്കുന്നത്. കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് ഇത്. സീറ്റ് നൽകിയതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുകയാണ്. സീറ്റ് നൽകാൻ ലീഗിനെയും അവഗണിച്ചുവെന്നും വിമർശനമുണ്ട്.
വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കും എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ, അവരുമായി ഒരു പരസ്യ ബന്ധം ഉണ്ടാകുമെന്ന് പുറത്തു പറയാതിരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രെസ്സിന്റ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. അതിന്റെ ഉദാഹണമാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ സംഭവിക്കുന്നത് എന്നാണ് ആരോപണം. യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എന്നാണ് വെൽഫെയർ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ ചിഹ്നം പാചകവാതക സിലിണ്ടർ ആണ്. എന്നാൽ ആ ചിഹ്നം ഒഴിവാക്കിയിട്ടാണ് ഇവർ അവിടെ മത്സരിക്കുന്നത്. അതേസമയം വെൽഫെയർ പാർട്ടി ഔദ്യോഗിക ഫേസ്ബുക് പോസ്റ്റിൽ ഈ സ്ഥാനാർഥി വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥി ആണെന്നും അവരെ വിജയിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ചില വാർഡുകളിൽ വെൽഫെയർ പാർട്ടിക്ക് കുറച്ച് വോട്ടുകൾ ഉണ്ട്. ഇത് പരിഗണിച്ചാണ് നീക്കം. അതേസമയം ഇപ്പോൾ കൊടുത്തിരിക്കുന്ന പത്താം വാർഡിൽ വെൽഫെയർ പാർട്ടിക്ക് നാമമാത്രമായ വോട്ടുകൾ മാത്രമാണുള്ളത്. അവിടെയാണ് സുറുമി ടീച്ചർ എന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സ്വതന്ത്ര സ്ഥാനാർഥി എന്ന ലേബലിൽ മത്സരിക്കുന്നത്.
പത്താം വാർഡ് കോൺഗ്രസിന്റെ ഉറച്ച വാർഡാണ്. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച വാർഡാണ് ഇത്. ഈ വാർഡ് വെൽഫെയർ പാർട്ടിക്ക് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ചാണ്, കോൺഗ്രസ് നേതാവും ഐ എൻ ടി യു സി പ്രവർത്തകനും ആയുള്ള നജീബ് കാഞ്ഞിരപ്പള്ളിയുടെ ഭാര്യ റസീന നജീബിനെ വിമത സ്ഥാനാർത്ഥിയാക്കി രംഗത്ത് ഇറക്കിയിട്ടുള്ളത്.
വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നത്, കോൺഗ്രസിന് പ്രാദേശിക തലത്തിൽ കടുത്ത തിരിച്ചടിക്ക് കാരണമാകും എന്ന വികാരമാണ് കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളത്. റസീനയെ കളത്തിലിറക്കുന്നതോടെ, മറ്റു പല നേതാക്കളുടെയും പിന്തുണ പരോക്ഷമായി നജീബിന് ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
---------------
Hindusthan Samachar / Roshith K