Enter your Email Address to subscribe to our newsletters

Naugam , 15 നവംബര്‍ (H.S.)
ജമ്മു കശ്മീർ: ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്ന് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് വെളിപ്പെടുത്തി . പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. അതേസമയം ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു.
ഇന്നലെ രാത്രി 11:20 ഓടെയാണ് നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടകവസ്തു ശേഖരവും രാസവസ്തുക്കളും പൊലീസ് സ്റ്റേഷന്റെ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചുവെന്നും മറ്റ് ഊഹാപോഹങ്ങൾ അനാവശ്യമെന്നും ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ പറഞ്ഞു.
ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഫരീദാബാദ് വെള്ളക്കോളർ ഭീകരസംഘത്തിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇരുപത് പേർക്ക് പരിക്കുണ്ട്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഫോറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
---------------
Hindusthan Samachar / Roshith K