Enter your Email Address to subscribe to our newsletters

kannur, 15 നവംബര്‍ (H.S.)
പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവായ കെ. പത്മരാജന് തലശ്ശേരി ജില്ലാ പോക്സോ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. കൂടാതെ പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവവും പ്രതി അനുഭവിക്കേണ്ടി വരും. കേസില്‍ ഇരയായ നാലാം ക്ലാസ്സുകാരിയുടെ അധ്യാപകന്‍ കൂടിയായിരുന്ന പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും മതതീവ്രവാദമാണ് ഇതിനു പിന്നിലെന്നുമുള്ള വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍, ഇത് പോക്സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു. രക്ഷിതാവിന്റെ ഉത്തരവാദിത്തമുള്ള ഒരധ്യാപകന്‍ നടത്തിയത് കൊടും ക്രൂരതയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചു. പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം വാദിച്ചതുപോലെ കേസ് കെട്ടിച്ചമച്ചതല്ലെന്നും കോടതി നിരീക്ഷിച്ചു.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ സ്‌കൂളിനകത്തും പുറത്തും വച്ച് കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തലശ്ശേരി ഡിവൈഎസ്പി മുഖേന പാനൂര്‍ പോലീസിന് ലഭിച്ച പരാതിയില്‍, പോലീസ് അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെയുള്ള നടപടി വൈകിയതോടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ, 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിവാദമായിരുന്നു. അഞ്ച് അന്വേഷണ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ച കേസില്‍, 2021 മേയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള ഈ നീക്കങ്ങളെ അതിജീവിച്ചാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. പോക്സോ വകുപ്പ് ചുമത്തിയത് കേസില്‍ നിര്‍ണ്ണായകമായി. കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും ജഡ്ജി എ.ടി. ജലജാറാണി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S