Enter your Email Address to subscribe to our newsletters

Trivandrum , 15 നവംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല. മേൽവിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപ്പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തതിനെ തുടർന്നാണിത്.
നേരത്തെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ച് സിപഐ എം പരാതി നൽകിയിരുന്നു. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വൈഷ്ണ മുട്ടട വാർഡിൽ താമസമില്ല എന്ന് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപാകെ മുട്ടട വാർഡിൽ താമസിക്കുന്നതിനുള്ള വാടക കരാറോ , കെട്ടിടത്തിന്റെ വിവരങ്ങളോ ഹാജരാക്കിയിരുന്നില്ല.
വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 18/564 എന്ന കെട്ടിട നമ്പറിൽ വൈഷ്ണയുടെ വോട്ട് ചേർക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന പേരിൽ കോൺഗ്രസ് മുട്ടടയിൽ അവതരിപ്പിച്ച സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്‌ണ സുരേഷ്. സിപിഎമ്മിന് പരാജയഭീതിയാണെന്നും തനിക്ക് ആശങ്കയില്ലെന്നുമാണ് വൈഷ്‌ണ നേരത്തേ പ്രതികരിച്ചത്. തനിക്കെതിരെ മാത്രമല്ല, ഒട്ടുമിക്ക കോൺഗ്രസുകാർക്കെതിരെയും സിപിഎം പരാതി കൊടുത്തിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലും താൻ അവിടെ നിന്ന് തന്നെയാണ് വോട്ട് ചെയ്‌തതെന്നും വൈഷ്‌ണ പറഞ്ഞു.
---------------
Hindusthan Samachar / Roshith K