Enter your Email Address to subscribe to our newsletters

Kerala, 16 നവംബര്‍ (H.S.)
കോഴിക്കോട്∙ ട്രെയിനിൽ കവർച്ച നടത്തുന്ന കുപ്രസിദ്ധ സംഘത്തിലെ 4 പേരെ ദക്ഷിണ റെയിൽവേ ആർപിഎഫും കോഴിക്കോട് റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശികളും ചെന്നൈയിൽ ബിസിനസുകാരുമായ ദമ്പതികളുടെ ബാഗിൽ നിന്നു സംഘം കവർന്ന 50 ലക്ഷത്തിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ 'സാസി' കവർച്ച സംഘത്തിലെ രാജേഷ് (42), ദിൽബാഗ് (62), മനോജ് (36), ജിതേന്ദർ (44) എന്നിവരെയാണ് റെയിൽവേ ആർപിഎഫ് ഡിവിഷൻ കമ്മിഷണർ നവീൻ പ്രശാന്തിന്റെ നേതൃത്വത്തിലുളള ആർപിഎഫ് സംഘവും കോഴിക്കോട് റെയിൽവേ സബ് ഇൻസ്പെക്ടർ പി.കെ.ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്.
ചെന്നൈയിൽ നിന്നു മംഗളൂരു മെയിൽ എക്സ്പ്രസിൽ കൊയിലാണ്ടിക്കു വരുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊയിലാണ്ടി പന്തലായനി സ്വദേശി അബ്ദുൽ നാസറിന്റെ ഭാര്യ ഷെഹർ ബാനുവിന്റെ ആഭരണങ്ങൾ കവർന്നത്. കോഴിക്കോട്ടെ ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ദമ്പതികൾ വന്നത്.
4 മൊബൈൽ ഫോണുകളും കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധവും പ്രതികളിൽ നിന്നു കണ്ടെടുത്തു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ, റിസർവേഷൻ ചാർട്ട്, ടവർ ലൊക്കേഷൻ, കോൾ വിവരങ്ങൾ എന്നിവ പരിശോധിച്ച് 18 മണിക്കൂർ കൊണ്ട് മറ്റൊരു ട്രെയിനിൽ നിന്ന് അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ ആർപിഎഫ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ യാദവ്, കെ.വർഗീസ്, എ.ജെ.ജിബിൻ, പി.വി.രാജു എന്നിവരും റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സി.വിജയകുമാർ, കെ.സനിൽകുമാർ, എഎസ്ഐമാരായ സുനീഷ്, ഷമീർ എന്നിവരും പങ്കെടുത്തു.
---------------
Hindusthan Samachar / Roshith K