Enter your Email Address to subscribe to our newsletters

Kannut, 16 നവംബര്‍ (H.S.)
കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത് എസ്ഐആർ ജോലി സമ്മർദ്ദം കാരണമെന്ന ആരോപണം തള്ളി ജില്ലാ കളക്ടർ. അനീഷിന് ആരും സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ല, അദ്ദേഹത്തിന്റെ 22 ശതമാനം ജോലി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നതെന്നും ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആത്മഹത്യക്ക് കാരണമാകുന്ന ഒരാശയവിനിമയവും ആരിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ പറയുന്നു. ആരെങ്കിലും വ്യക്തിപരമായി സമ്മർദപെടുത്തിയിട്ടുണ്ടെന്ന് ഇതുവരെ വിവരമില്ല. അനീഷിന് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടായിരുന്നു. അനീഷിനെ സഹായിക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒപ്പം പോയിരുന്നു. അനീഷിന് ഒരു പ്രശ്നം ഉണ്ടായതായും VFA റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇന്ന് രാവിലെ ബൂത്ത് ലെവൽ സൂപ്പർവൈസർ അനീഷിനെ ബന്ധപ്പെട്ടിരുന്നു. ബാക്കി ഫോമുകൾ ഒറ്റയ്ക്ക് വിതരണം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും കളക്ടർ പറഞ്ഞു. 240 ഫോമുകളുടെ വിതരണം നടത്താൻ ഉണ്ടെന്നാണ് കണക്കുകൾ, എന്നാൽ 50 മാത്രമേ ബാക്കി ഉള്ളൂ എന്നാണ് അനീഷ് അറിയിച്ചത്.
നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും
അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്നും കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്.
---------------
Hindusthan Samachar / Roshith K