മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; കുതിച്ചുകയറി ആദ്യദിവസങ്ങളിലെ ബുക്കിങ്
Kerala, 16 നവംബര്‍ (H.S.) പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഓൺലൈനായി 70,000 പേർക്കും തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങ
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; കുതിച്ചുകയറി ആദ്യദിവസങ്ങളിലെ ബുക്കിങ്


Kerala, 16 നവംബര്‍ (H.S.)

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഓൺലൈനായി 70,000 പേർക്കും തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂർത്തിയായി. വലിയ രീതിയിലുള്ള ബുക്കിങ് ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. മണ്ഡല സീസണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പമ്പയിൽ നിന്ന് തീർഥാടകരെ ഉച്ചമുതൽ സന്നിധാനത്തേക്ക് കയറ്റിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്വർണ്ണകൊള്ള വിവാദം നിലനിൽക്കെയാണ് മണ്ഡല സീസണ് തുടക്കമാകുന്നത്.

ഇന്ന് വൈകിട്ട് അഞ്ചിനാണ് നദ തുറക്കുക. നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും.

മറ്റന്നാൾ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ നടക്കും. ഉഷ പൂജ 7.30 മുതല്‍ 8 വരെ നടക്കും. 12 മണിക്കാണ് ഉച്ച പൂജ. 6.30ന് ദീപാരാധനയും രാത്രി 9.15 മുതല്‍ അത്താഴ പൂജയും നടക്കും. 10.45ന് ഹരിവരാസനം ചൊല്ലി 11.00 മണിയോടെ നട അടയ്ക്കും.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി.

---------------

Hindusthan Samachar / Roshith K


Latest News