Enter your Email Address to subscribe to our newsletters

Kochi, 17 നവംബര്‍ (H.S.)
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷകരായി മാറുകയാണെന്ന് ഹൈക്കോടതി. അഴിമതി നടത്തിയവരുടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അവരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വിമര്‍ശിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരനേയും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. മൂന്നു വട്ടമാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ കടകംപള്ളി മനോജ് നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
കോടതിയലക്ഷ്യപരമായ നിലപാടാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ''സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നില്‍ ?''- കോടതി ചോദിച്ചു. നിയമവാഴ്ചയെ അല്ല, രാഷ്ട്രീയ മേലാളന്മാരെയാണ് കേസില്‍ ഉള്‍പ്പെട്ടവര്‍ അനുസരിക്കുന്നതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. വിമര്‍ശനം തുടര്‍ന്ന കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ''ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നത് അഴിമതി നടത്തില്ല എന്നു പറഞ്ഞാണ്. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്ഥയാണ്''- കോടതി അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോര്‍പറേഷന്‍ 2006-2015 കാലഘട്ടത്തില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍.ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷുമാണ് കേസിലെ പ്രധാന പ്രതികള്‍.
---------------
Hindusthan Samachar / Sreejith S