Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 നവംബര്‍ (H.S.)
പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കാര്യങ്ങള്‍ അനീഷിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക. സി.പി.എം ഒരു കാരണവശാലും പാവപ്പെട്ട ബി.എല്‍.ഒമാരുടെ മേല്‍ സമ്മര്‍ദം ചെലുത്തില്ല. അതിന്റെ ഒരാവശ്യവുമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ മേലെയാണ് സി.പി.എം സമ്മര്‍ദ്ദം ചെലുത്തുന്നത്. സുപ്രീംകോടതി വരെ പോകുന്നതും സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.എല്‍.ഒക്ക് മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം ഉണ്ടായി എന്ന് കണ്ണൂര്‍ കലക്ടര്‍ സ്ഥിരീകരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കലക്ടര്‍ സ്ഥിരീകരിച്ചെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.എല്‍.ഒയോട് അഭിപ്രായം പറയില്ലേയെന്നും അത് സ്വഭാവികമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S