Enter your Email Address to subscribe to our newsletters

Kozhikkode, 17 നവംബര്‍ (H.S.)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥികൾക്കും രോഗികൾക്കും മുന്നിൽ വച്ച് ഡോക്ടറെ മർദ്ദിച്ച യുവതി പിടിയിൽ. ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വിവാഹ വാഗ്ദാനവും നൽകിയ തട്ടിപ്പുകാരനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ യുവതിയുടെ പിതാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇതേ വാർഡിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് യുവതിയുമായി പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് ഡോക്ടറെന്ന പേരില്‍ യുവതിക്ക് സന്ദേശമയക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും, 40,000 രൂപ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.
ഫോണിലൂടെ തന്നെ ബന്ധപ്പെടുന്നയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലായ യുവതി മെഡിക്കൽ കോളേജിൽ എത്തി യഥാർത്ഥ ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. നടന്നതെന്താണെന്ന് മനസിലാകാതെ ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടക്കഥ പുറത്തുവന്നത്.
മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തതിന് പിന്നാലെ യുവതി ഡോക്ടർക്കെതിരെ ചേവായൂർ പൊലീസിൽ പരാതി നൽകി. അപ്പോഴേക്കും ആൾമാറാട്ടം നടത്തിയ മുഹമ്മദ് നൗഷാദിനെയും മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായതിലെ മാനസിക സമ്മർദ്ദമാണ് യുവതിയെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. അറസ്‌റ്റ് ചെയ്‌ത രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
---------------
Hindusthan Samachar / Sreejith S