Enter your Email Address to subscribe to our newsletters

Kerala, 17 നവംബര്‍ (H.S.)
കണ്ണൂർ: കോർപറേഷനിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിചിത്രം തെളിഞ്ഞു.ആകെയുള്ള 56 ഡിവിഷനുകളിൽ 38 ഇടത്ത് കോൺഗ്രസും 18 സീറ്റിൽ മുസ്ലിം ലീഗും മത്സരിക്കും.വാരം,വലിയന്നൂർ ഡിവിഷനുകൾ കോൺഗ്രസും ലീഗും വച്ചുമാറി. കോൺഗ്രസിന്റെ ഒരു സീറ്റ് സി.എം.പിക്ക് നൽകാനും ധാരണയായി.
സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലാതിരുന്ന ഇന്ദിര ഇന്നലെ രാവിലെ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പട്ടികയിൽ ഇടം പിടിച്ചത്.ഇന്ദിരയെ ഉദയംകുന്നിൽ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിൽ നിന്ന് ഉയർന്നിരുന്നുവെങ്കിലും അവിടെ അനൂപ് ബാലനെ സ്ഥാനാർത്ഥിയാക്കി.ആദികടലായിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി മത്സരിക്കും.മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുണ്ടയാട് ഡിവിഷനിൽ നിന്നും ജനവിധി തേടും.മേയർ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.തർക്കങ്ങളെല്ലാം പരിഹരിച്ചതിനാൽ ഒറ്റകെട്ടായി നീങ്ങുമെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടിയ്ക്ക് പുറത്തുള്ള പി.കെ.രാഗേഷിനെ സംബന്ധിച്ച് ചോദ്യത്തിന് അദ്ദേഹം പാർട്ടിയ്ക്ക് ഒരു അടഞ്ഞ അദ്ധ്യായമല്ലെന്നും വിശദീകരിച്ചു.എന്നാൽ പാർട്ടിയിൽ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
---------------
Hindusthan Samachar / Roshith K