Enter your Email Address to subscribe to our newsletters

Kottayam, 17 നവംബര്‍ (H.S.)
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ (National Accreditation Board for Hospitals & Healthcare Providers - Emerald) ലഭിച്ചു. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് ഇത് ആദ്യമായാണ്. മാനദണ്ഡങ്ങള്‍ പാലിച്ച് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയതിനാണ് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ലഭിച്ച ഏറ്റവും ഉയര്‍ന്ന അംഗീകാരം കൂടിയാണിത്. ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.
ധാരാളം രോഗികള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളാണ് സജ്ജമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ 3 പ്രധാന അവയവങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറ്റിവച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടത്തി വരുന്നു.
അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇന്‍ഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ആരോഗ്യ സര്‍വകലാശാലയുടെ എ ഗ്രേഡ് അക്രഡിറ്റേഷനും നേടിയിട്ടുണ്ട്. രോഗിസൗഹൃദ സേവനങ്ങള്‍, സുരക്ഷാ പ്രോട്ടോകോളുകള്‍, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാര നിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം, രോഗികള്‍ക്ക് കൂടുതല്‍ നിലവാരമുള്ള ചികിത്സയും സുരക്ഷിതമായ ആശുപത്രി സംവിധാനങ്ങളും ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗരേഖകള്‍ പാലിക്കുന്നതിന്റെ തെളിവാണിത്.
---------------
Hindusthan Samachar / Sreejith S