Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 നവംബര്‍ (H.S.)
തിരുവനന്തപുരം: നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
തുക സര്‍ക്കാര്‍ നല്‍കിയ ശേഷം എതിര്‍ കക്ഷിയായ എസ്. ഐ, പി.ആര്‍. രാഹുലില്‍ നിന്നും സര്‍ക്കാരിന് നിയമാനുസ്യതം തിരിച്ചു പിടിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. രണ്ടു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 % പലിശ നല്‍കണം. ഉത്തരവ് നടപ്പാക്കി 2 മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. മര്‍ദ്ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിനാണ് തുക നല്‍കേണ്ടത്. 2022 ഓഗസ്റ്റ് 30 ന് പാലച്ചിറ സൗപര്‍ണികയില്‍ സുരേഷിന്റെ വീട്ടില്‍ മതില്‍ നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് ചാത്തന്നൂര്‍ കോയിപ്പാട് സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അടിവയറ്റില്‍ വേദനയും മൂത്രതടസവുമുണ്ടായി. കൊല്ലം മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. വര്‍ക്കല എസ്.ഐ ജയരാജ്, ജീപ്പ് ഡ്രൈവര്‍ എസ്.ജെസീന്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷന്‍ ഇവരെ ഒഴിവാക്കി.
ബലപ്രയോഗത്തിലുടെ പരാതിക്കാരനെ ജീപ്പില്‍ കയറ്റിയപ്പോഴുണ്ടായ മുറിവുകളാണ് വൂണ്ട് സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയതെന്ന എസ്.ഐ യുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ വര്‍ക്കല സ്റ്റേഷനിലെത്തിക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്ക് വിധേയമാക്കണമായിരുന്നു. സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ മര്‍ദ്ദനമേറ്റയാളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടില്ല. കരമണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതതെന്നാണ് എസ്.ഐ യുടെ വാദമെങ്കിലും വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളതെന്ന് ഉത്തരവില്‍ പറഞ്ഞു.
സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് വൈകിട്ട് 3.30നാണ്. 6 മണിക്ക് വിട്ടയച്ചു എന്ന വാദം തെറ്റാണ്. 9.30നാണ് വിട്ടയച്ചത്. സുരേഷ് നേരേ പോയത് ആശുപത്രിയിലേക്കാണ്. 5 മുതല്‍ 6 മണിക്കൂര്‍ വരെ സുരേഷിനെ നിസാര കുറ്റത്തിന് സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചുമെന്നുമുള്ള വാദങ്ങള്‍ സ്ഥിരീകരിക്കാന്‍ പര്യാപ്തമാണെന്ന് ഉത്തരവില്‍ പറഞ്ഞു.
സംഭവത്തില്‍ എസ്.ഐക്കെതിരെ അന്വേഷണം നടക്കുകയാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ പരിഗണിച്ചു. സുരഷിന് ദേഹോപദ്രവം ഏറ്റതായി ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലും കമ്മീഷന്‍ എടുത്തു പറഞ്ഞു.
---------------
Hindusthan Samachar / Sreejith S