Enter your Email Address to subscribe to our newsletters

Kozhikode, 17 നവംബര്‍ (H.S.)
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അശ്ശീല സന്ദേശമയച്ചത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദനം.കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിൽ ആണ് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ. പി ചീട്ട് എന്നിവ പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞു.
അതേസമയം ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ശീല സന്ദേശമയച്ചത് പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ് ആണെന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ. യുവതിയുടെ പിതാവ് കഴിഞ്ഞ ഏപ്രിലില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയിരുന്നു. ആ സമയത്ത് നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയിരുന്നു. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും യുവതിയുടെ ഫോണ്‍ നമ്പര്‍ നൗഷാദ് വാങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു സിംകാര്‍ഡ് ഉപയോഗിച്ച് ഡോക്ടറെന്ന പേരില്‍ യുവതിക്ക് സന്ദേശമയച്ചു. വിവാഹ വാഗ്ദാനത്തിനു പിന്നാലെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തു. 40,000 രൂപയും ഇതിനിടെ യുവതിയില്‍ നിന്നും ഇയാള്‍ വാങ്ങിച്ചു.
---------------
Hindusthan Samachar / Roshith K