Enter your Email Address to subscribe to our newsletters

Pathanamthitta , 17 നവംബര്‍ (H.S.)
പത്തനംതിട്ട: സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിലാണ് മത്സരിക്കുക. ഇന്നാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയത്. നേരത്തെ പള്ളിക്കൽ ഡിവിഷനിലെ സിപിഐ പ്രതിനിധി ആയിരുന്നു.
സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷനിൽ തന്നെ ശ്രീനാദേവിയെ അവിടെ തന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. അധികാരം അല്ല ആദര്‍ശം മുൻനിര്‍ത്തിയാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും അഴിമതി ചോദ്യം ചെയ്തായിരുന്നു സിപിഐ യിലെ പ്രശ്നമെന്നും ആയിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഷോളണിയിച്ചാണ് സ്വീകരിച്ചത്.
നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.
ശ്രീനാദേവിയെ തള്ളി സിപിഐ
അതേസമയം ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Roshith K