Enter your Email Address to subscribe to our newsletters

New delhi, 17 നവംബര്‍ (H.S.)
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ. ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ എം. സ്വരാജ് പിന്‍വലിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് പിന്‍വലിച്ചത്. അപ്പീല്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കാന്‍ സ്വരാജ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ അവസാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നില്ല.
ഇതിനിടയില്‍ ആണ് കഴിഞ്ഞ ദിവസം അപ്പീല്‍ പിന്‍വലിക്കുന്നതിനായി സ്വരാജിന്റെ അഭിഭാഷകരായ മുകുന്ദ് പി ഉണ്ണി, അന്ന ഉമ്മന്‍ എന്നിവര്‍ സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് അപ്പീല്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
---------------
Hindusthan Samachar / Sreejith S