വൈഷ്ണയുടെ വോട്ട് വെട്ടിയതില്‍ ഹിയറിങ് നടത്തണം; ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ എന്ന് ഹൈക്കോടതി
Kerala, 17 നവംബര്‍ (H.S.) തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റൈ വോട്ട് വെട്ടിയതില്‍ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്
High Court of Kerala


Kerala, 17 നവംബര്‍ (H.S.)

തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റൈ വോട്ട് വെട്ടിയതില്‍ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പരാതി നല്‍കിയ ആളും ഹിയറിങ്ങില്‍ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

മുട്ടട വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക വോട്ടര്‍ പട്ടികയിലും അന്തിമ പട്ടികയിലും പേര് ഉണ്ടായിരുന്നുവെന്ന് വൈഷ്ണയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിനിടെയാണ്, വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതി നല്‍കുന്നത്. എന്നാല്‍ ഇതിനൊപ്പം ഒരു രേഖയും സമര്‍പ്പിച്ചിരുന്നില്ല.

തുടര്‍ന്ന് ഹിയറിങ്ങിനു വിളിപ്പിച്ചു. എന്നാല്‍ പരാതിക്കാരന്‍ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല. തന്റെ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമര്‍പ്പിച്ചിട്ടും വോട്ടര്‍ പട്ടികയില്‍നിന്ന് പേരു നീക്കം ചെയ്‌തെന്നും ഹര്‍ജിക്കാരി പറയുന്നു.

എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞു. 24 വയസ്സുള്ള ഒരു പെണ്‍കുട്ടി മത്സരിക്കാനിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ എന്ന് കോടതി വാക്കാല്‍ ചോദിച്ചു. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന തിരുവനന്തപുരം കോര്‍പറേഷന് ഇതില്‍ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.

തുടര്‍ന്നാണ് വീണ്ടും ഹിയറിങ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. വൈഷ്ണക്കെതിരെ പരാതി നല്‍കിയ ആളും ഹിയറിങ്ങില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേവല സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ്, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

19നു മുമ്പ് ഹിയറിങ്ങില്‍ തീരുമാനമെടുത്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 21നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. കേസ് പരിഗണിച്ചപ്പോള്‍, കലക്ടര്‍ക്ക് താന്‍ പരാതി നല്‍കാന്‍ പോയതും എന്നാല്‍ ഒന്നര മണിക്കൂറോളം കാത്തു നിര്‍ത്തിച്ചതുമടക്കമുള്ള കാര്യങ്ങള്‍ ഹര്‍ജിക്കാരി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News