Enter your Email Address to subscribe to our newsletters

ANDRA PRADESH, 18 നവംബര്‍ (H.S.)
മാവായോസ്റ്റ് കമാന്‍ഡര്‍ മദ്വി ഹിദ്മയെ വധിച്ച് സുരക്ഷാസേന. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. സര്‍ക്കാര്‍ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്.
രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ആറു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കണ്ടെത്തിയവയില്‍ ഹിദ്മയുടെ ഭാര്യ രാജെ(രാജക്ക)യുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.
1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുക്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ (സന്തോഷ്) സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. സുക്മ, ഡണ്ഡേവാഡ, ബിജാപുര്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ.
---------------
Hindusthan Samachar / Sreejith S