Enter your Email Address to subscribe to our newsletters

New delhi 18 നവംബര്‍ (H.S.)
രാജ്യത്ത് ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ അതിസങ്കീര്‍ണമാണെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ അതില്‍ ശ്രദ്ധപുലര്‍ത്തണം. ദത്തെടുക്കാല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന റിപ്പോര്‍ട്ടില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നു പറഞ്ഞ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
''രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണ്'' - ജസ്റ്റിസ് നാഗരത്‌ന വാക്കാല്‍ നിരീക്ഷിച്ചു. ദത്തെടുക്കല്‍ പ്രക്രിയ കര്‍ശനമായതിനാല്‍, അതു കൃത്യമായി പാലിക്കപ്പെടാതിരിക്കാന്‍ സാധ്യതയുണ്ടെന്നും കുട്ടികളെ ലഭിക്കാന്‍ ആളുകള്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗുരിയ സ്വയം സേവി സന്‍സ്ഥാന്‍ എന്ന സന്നദ്ധ സംഘടനയാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്തരം കേസുകള്‍ക്കായി നോഡല്‍ ഓഫിസറെ നിയമിക്കാന്‍ ആറാഴ്ച വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഡിസംബര്‍ ഒന്‍പതിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S