Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 നവംബര്‍ (H.S.)
സ്വാമി അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം അലങ്കോലമായതെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം നടത്താത്തത് ശബരിമലയില്‍ സ്ഥിതി വഷളാക്കി.മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും ക്രമീകരണം ഒരുക്കിയില്ല.ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ നീണ്ട ക്യൂവില്‍ നിന്ന് ഭക്തര്‍ വലഞ്ഞു. കോഴിക്കോട് സ്വദേശിയായ തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചിട്ടും സര്‍ക്കാരിന്റെ ശ്രദ്ധപതിഞ്ഞില്ല. ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് തടസ്സമല്ല. അതിന്റെ മറവില്‍ രക്ഷപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S